Saturday, May 4, 2013

കത്തിയ കാടിനോട് ഒരൊറ്റമഴ!


ഒരൊറ്റ മഴ മതി. കരിഞ്ഞുണങ്ങിയൊരു കാടിനെ ജീവിപ്പിക്കാന്‍.

ചിലപ്പോള്‍ മഴപോലും വേണ്ട. മഴ വരുമെന്ന കേവല അറിവു പോലും മതിയാവും ഒരു കാടുണരാന്‍.
വെറുതെ പറഞ്ഞുപോവാന്‍, എഴുതിപ്പോവാന്‍ രസമുള്ള ഈ വരികള്‍ ഒരു മായാജാലത്തിലെന്നോണം സത്യമാവുന്നത് ദിവസങ്ങള്‍ക്കു മുമ്പറിഞ്ഞു.അവിചാരിതമായൊരു മൈസൂര്‍ യാത്രയില്‍ കാടു നേരിട്ട് അത് കാണിച്ചു തന്നു, മഴ മരങ്ങളോടു ചെയ്യുന്നത്. മരം മഴയോടു ചെയ്യുന്നതും. 





1.
രാത്രി യാത്രാ നിരോധനമായതിനാല്‍ അന്തം വിട്ടുള്ള പാച്ചിലായിരുന്നു.
നാടുകാണിയിലൂടെ പാഞ്ഞുപാഞ്ഞ് ചെല്ലുമ്പോള്‍ കൃത്യസമയമാവാറായി.
ചെക്ക് പോസ്റ്റ് ഏതു നിമിഷവും അടക്കും. അതിന്റെ അസ്വസ്ഥതയിലൂടെ, ടെന്‍ഷന്‍ പിടിച്ചുള്ള പാച്ചില്‍ ചെന്നു നിന്നത് ചെക്ക്പോസ്റ്റിലാണ്.
സമയപരിധി തീരാന്‍ ഇനി അഞ്ചു മിനിറ്റ് മാത്രം. രക്ഷപ്പെട്ടു എന്ന ആശ്വാസത്തിലേക്ക് കാടു  വന്ന് കണ്ണില്‍ നിറഞ്ഞു.
കരിഞ്ഞുണങ്ങിയ കാട്. ചില്ലകള്‍ ഒരു വനമാവുന്നത് എങ്ങനെയെന്ന് കാണിച്ചു തരുന്നു, നിലമാകെ നിറഞ്ഞ ഇലകള്‍.
ഏതു നിമിഷവും ഒരാനയെത്താം. അല്ലെങ്കില്‍ ഒരു വന്യ മൃഗം. അവസാന വാഹനമായതിനാല്‍ വഴിയിലെങ്ങും മറ്റാരുമില്ല.
ഭയം തോന്നേണ്ട നേരമാണ് എന്നിട്ടും തോന്നിയത് വെളിച്ചത്തിലേക്ക് പാഞ്ഞു വന്നു മറയുന്ന കരിഞ്ഞ മരങ്ങളോടുള്ള സങ്കടം.

ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ വനമേ നീയെന്ന് ഓരോ കാഴ്ചയും ഉള്ളിലിരുന്ന് തുളുമ്പി.
സൂര്യനും പച്ചയും ചേര്‍ന്നു നടത്തുന്ന ഒളിച്ചു കളികളായിരുന്നു ബന്ദിപ്പൂരിന്റെ പഴയ ഓര്‍മ്മ.
ഓരോ ഇലമടക്കിലും സൂര്യന്റെ കാരുണ്യം. ചില്ലകളെ തൊട്ടുപായുന്ന  സൂര്യന്റെ കുസൃതി.
വന്‍മരങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കുന്ന ഇത്തിരി വിതാനങ്ങളിലെ കരിമ്പച്ചയല്ല ഇലകളില്‍ വന്നു തുളുമ്പുന്ന ഇളം പച്ച.
അതുപോലല്ല ചില്ലയിലെ പച്ച.
ഒരു മരത്തിന്റെ നിറം പോലല്ല അടുത്ത മരത്തിന്റേത്. ഓരോന്നിനെയും സൂര്യന്‍ അതാതിന്റെ നിറത്തില്‍ വരഞ്ഞു കൂട്ടുന്നു.
ഓരോ നേരവും ഓരോന്നായി അതു കാടിനെ കാന്‍വാസാക്കുന്നു. ജലച്ചായം തുളുമ്പുന്ന പാലറ്റാവുന്നു, ചിലപ്പോള്‍ വനം.

എന്നാല്‍, അതൊന്നുമായിരുന്നില്ല കണ്ടത്. ചുട്ടെരിഞ്ഞൊരു വനം. സൂര്യന്‍ നക്കിത്തുടച്ച വൃക്ഷങ്ങളുടെ ഉടലുകള്‍ വിണ്ടു കീറിയിരിക്കുന്നു.
ഒരൊറ്റ ഇലകളുമില്ലാത്ത ചില്ലകള്‍ ഏതോ യുദ്ധഭൂമിയെ ഓര്‍മ്മിപ്പിച്ചു. തല താഴ്ത്തി, ആത്മഹത്യ ചെയ്ത കൂട്ടുകാരന്റെ ശരീരത്തിനരികെ നില്‍ക്കാന്‍ വിധിക്കപ്പെട്ടവരെപ്പോലെ പരസ്പരം മരങ്ങള്‍. അവയ്ക്കിടയില്‍ സങ്കടങ്ങളുടെ പൊള്ളുന്ന ഉഷ്ണനേരങ്ങള്‍ മാത്രം.
കാണുന്നൊരാള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ വനം എങ്ങനെയാവും ഈ നേരം താണ്ടുകയെന്ന് ആരോ പറഞ്ഞുകൊണ്ടിരുന്നു.
പാഞ്ഞു പാഞ്ഞ് അപ്പുറത്തെ അതിര്‍ത്തിയിലെത്തിയപ്പോള്‍ വെറുതെ തിരിഞ്ഞുനോക്കി.
അവിടെയൊരു കാട് വീണുറങ്ങുന്നു.

2.

തിരിച്ചു വന്നത് രണ്ടു നാള്‍ക്കുശേഷമാണ്.
അതിരാവിലെ. ഇത്തിരി ചെന്നപ്പോഴേ മഴയെത്തി. ഒരേ താളത്തില്‍ അതങ്ങിനെ പെയ്തു പെയ്തൊഴിയുന്നു.
മഴയിലൂടെ പാഞ്ഞെത്തിയത് പഴയ ചെക്ക് പോസ്റ്റിനു മുന്നിലാണ്. കഴിഞ്ഞ ദിവസം തിരിഞ്ഞു തിരിഞ്ഞു നോക്കിയ  അതേ കാടകത്തേയ്ക്ക്.
അത്ഭുതം, അതാ പഴയ കാടേ ആയിരുന്നില്ല.  അങ്ങോട്ടടുക്കുമ്പോഴേക്കും അറിയാന്‍ കഴിഞ്ഞു. മഴയുടെ മണം. അതിലൂടെ കാടിന്റെ കൊതിപ്പിക്കുന്ന ഗന്ധം.
ഉണങ്ങി, ഇല കൊഴിഞ്ഞ്, ചില്ലകള്‍ മാത്രമായ കാടിന്റെ അസ്ഥിവാരം കാണാനേയില്ല.

കാടിപ്പോള്‍ ചിത്രശലഭമാവും മുമ്പുള്ള പ്യൂപ്പയുടെ പരിണാമകഥ.
ചില്ലകളില്‍ ഇലകളുടെ നിഴലാട്ടം. പച്ചപ്പിന്റെ ഇത്തിരി അനക്കം. ആകെ നനഞ്ഞ മണ്ണിലേക്ക് വെളിച്ചത്തിന്റെ പ്രിസം ചെന്നു പതിക്കുന്നു.
ഓരോ മരവും അണിഞ്ഞൊരുങ്ങാനുള്ള പുറപ്പാടാണ്. ചില്ലകളിലറിയാം അതിന്റെ തിളക്കം. നവോന്‍മേഷം.
ഉണക്കക്കമ്പുകളില്‍ പച്ചയെ വാരി വാരി തേച്ച് മഴ ഒരു ചിത്രമെഴുതാനുള്ള പുറപ്പാടിലാവണം.
കാടിനെ കടും പച്ചയും ഇളം പച്ചയും ഇലപ്പച്ചയും നിറപ്പച്ചയും  കരിമ്പച്ചയുമാക്കുന്ന സൂര്യന്റെ മായാജാലമേ ശേഷിക്കുന്നുള്ളൂ.

യാത്രയിലാകെ കാടിന്റെ മണം കൂട്ടുപോന്നു. അരിച്ചെത്തുന്ന കാറ്റിലൂടെ അത് കുളിര്‍പ്പിച്ചു.
കണ്ണിലേക്ക് ഇളം പച്ചയുടെ സാന്ത്വനം വിരിച്ച് കാട് യാത്ര പറഞ്ഞു.




3.
ഒരര്‍ത്ഥത്തില്‍, ഇത് കാടിന്റെ മാത്രം അവസ്ഥയല്ല. നമ്മുടെ ഓരോരുത്തരുടെയും ജീവിതം കൂടിയാണ്.
ഇലകള്‍ കൊഴിഞ്ഞ്, ചില്ലകള്‍ മാത്രമായി, വിഷാദത്തിന്റെ അയയില്‍ സ്വയം ഉണങ്ങാനിടാറുണ്ട് നമ്മളില്‍ പലരും.
നാളെ എന്നത് വിഷാദത്തിന്‍റെ മറ്റൊരു വാതില്‍ മാത്രമാവുമെന്ന ഉറപ്പു മാത്രമായിരിക്കും അന്നേരം നമ്മുടെ മനസ്സില്‍.
അടുത്ത നിമിഷം എന്താവുമെന്ന് തിരിച്ചറിയാനുള്ള ദിവ്യജ്ഞാനമൊന്നുമില്ലെങ്കിലും വരാനുള്ള നാളുകള്‍ ഒട്ടും നല്ലതാവില്ലെന്ന് തീര്‍പ്പിലെത്താന്‍ നാം മിടുക്കരാണ്. അങ്ങനെയാണ് നമ്മളില്‍ ചിലര്‍ തിരിച്ചു വരാനാവാത്ത വിഷാദത്തിന്റെ മരുഭൂമിയില്‍ ചെന്നു പെടുന്നത്.

എല്ലാത്തിലും വല്ലാത്ത തീര്‍പ്പുള്ള, അങ്ങിനെ തീര്‍പ്പു കല്‍പ്പിക്കാനുള്ള അറിവും ജീവിതാനുഭവവും ഉണ്ടെന്ന് സ്വയം വിശ്വസിക്കുന്ന
നമ്മളിലാര്‍ക്കും കാണാനും കഴിഞ്ഞെന്നു വരില്ല, രണ്ട് നാള്‍ കഴിഞ്ഞ് തളിര്‍ക്കാനിരിക്കുന്ന മഴയുടെ മാജിക്.
ഒന്നും ഒന്നുമല്ല എന്നും എല്ലാ തീര്‍പ്പുകളും നമ്മുടെ അജ്ഞതയുടെ പ്രകാശനം മാത്രമെന്നും തിരിച്ചറിയാന്‍ അത്ര എളുപ്പമല്ല.
അതിലൊരു സ്വയം നിഷേധമുണ്ട്. അറിവിന്റെ ചെതുമ്പലുകള്‍ പിടിച്ച  ചിറകുകള്‍ വലിച്ചെറിയലുണ്ട്. പാമ്പിനെപ്പോലെ ഉറയൂരലുണ്ട്.

അതിനാല്‍, നമുക്കെളുപ്പം വിധി തീര്‍പ്പുകളിലെത്താം.
മഴയുടെ വരവുമായി ഒരു കാറ്റല പതിയെ എത്തുന്നത് തിരിച്ചറിയാതിരിക്കാന്‍ കാതുകള്‍ കൊട്ടിയടച്ച്
ജീവിതത്തെ പിന്നെയും പിന്നെയും മരുഭൂമിയാക്കാം.

ജീവിതത്തെ മാറ്റിമറിച്ച ആ സംഘകാല കവിത വീണ്ടും ഓര്‍മ്മ വരുന്നു:

കാണാനാവുന്നത്
കാണാനാവാത്തതിന്റെ
തുമ്പു മാത്രം.

LinkWithin

Related Posts Plugin for WordPress, Blogger...