Wednesday, May 18, 2011

ഏകാന്തതയുടെ നൂറു നെടുവീര്‍പ്പുകള്‍

ഏകാന്ത നേരങ്ങളുടെ പകര്‍ത്തിയെഴുത്ത്. പുസ്തകവും പാട്ടും മടുപ്പിക്കുന്ന ചില നേരങ്ങള്‍.  വാതിലില്‍ ഏകാന്തത മുട്ടുന്നു



പൊരിക്കും മുമ്പ് മീനിനെ വരിഞ്ഞു മുറിക്കുന്നതുപോലെ കുറച്ചു നാളായി ചുട്ടുപൊള്ളുന്ന ഒരേകാന്തത  ഉടലാകെ ഉപ്പുമുളകും  തേക്കുന്നു.  തിരക്കൊഴിയല്ലേ എന്ന് സദാ ആഗ്രഹിച്ചുപോവുന്നു.  ഒരുകാലത്ത് ജീവിതത്തിന്റെ അര്‍ഥമെന്നു കരുതിയ യാത്രകള്‍ മടുപ്പും ഏകാന്തതയും കൊണ്ട് വല്ലാതെ ഭയപ്പെടുത്തുന്നു. ഒറ്റക്കാവുന്ന നേരങ്ങളെ ഭയന്ന് ഭയന്ന് നേരം വെളുത്തുപോവുന്നു.
എന്തു കൊണ്ടാവും ഇപ്പോഴിങ്ങനെ. ഒറ്റക്കാവുമ്പോള്‍  കൂടിക്കൂടി വരുന്ന നിശãബ്ദതയുടെ, മൌനത്തിന്റെ കൂട്ടപ്പൊരിച്ചില്‍ നേരിടാനാവാതെ പോവുന്നതു കൊണ്ടാവാം.  പുതിയ കാലവും ജീവിതവും അപരിചിത ദേശവും വിതയ്ക്കുന്ന അന്യഥാ ബോധവുമാവാം.
എന്തായാലും, ഒന്നുറപ്പ്. ഏകാന്തത വിശക്കുന്ന നാക്കു നീട്ടി ഈ മുറിയിലേക്കുറ്റു നോക്കുന്നു. ഈ വീട്ടില്‍ മറ്റൊരാളുടെയും ശബ്ദമില്ല. പുറത്ത് കറങ്ങിത്തിരിയുന്ന കാറ്റില്ല. വേനലിന്റെ അവസാന ആസക്തികള്‍ നക്കിത്തുടച്ച  മരങ്ങളില്‍ ഒരില പോലും അനങ്ങുന്നില്ല.

വെറുതെ കിട്ടിയ ഒരവധി ദിനം.മടുപ്പും ഏകാന്തതയും ചേര്‍ന്ന് പതിവു പോലെ ജുഗല്‍ബന്ദി. ആ ഇടനേരത്താണ്  ഏകാകികളെക്കുറിച്ച ചിന്ത ആര്‍ത്തിരമ്പിയെത്തിയത്. ഒറ്റക്കാവലിനെ കുറിച്ച് എഴുതണമെന്നു തോന്നി. അടുത്ത പോസ്റ്റ് ഏകാന്തതയെക്കുറിച്ചെന്ന് ഉറപ്പിച്ചു.
ഇത്തിരി എഴുതിക്കഴിഞ്ഞപ്പോഴേക്കും മടുപ്പിന്റെ കൈ നീണ്ടു നീണ്ടു വന്നു വിരലുകള്‍ മടക്കി. ഒഴുക്കില്ലാത്ത വെറും കൃത്രിമത്വമായി മാറുകയാണോ എഴുത്തുമെന്ന ചിന്ത വന്നപ്പോള്‍ വാക്കുകള്‍ ബ്രേക്കിട്ടതുപോലെ നിന്നു.  ബാക്കി കിടക്കുന്നവ മുറിഞ്ഞ പല്ലിവാലുപോലെ  ഇടക്കെന്നെ നോക്കി.

രണ്ട്


ഇന്നാണ് വീണ്ടും ഏകാന്തത മറ നീക്കി വന്നു കൈ പിടിച്ചത്. മനോഹരമായ രണ്ടു കവിതകളിലൂടെ. സ്മിത മീനാക്ഷിയുടെ 'ഏകാന്തം', രാമൊഴി എന്ന ബ്ലോഗിലെ ഒറ്റക്കിരിക്കുന്നവര്‍ എന്നീ കവിതകള്‍.  . രണ്ടും  ഏകാന്തത  തെഴുത്ത വനങ്ങള്‍. കഴിഞ്ഞ ദിവസം സുസ്മേഷ് ചന്ദ്രോത്തിന്റെ പോസ്റ്റ് വായിച്ചിരുന്നു. വിരഹത്തിന്റെ ഇരുകരകളെക്കുറിച്ചുള്ള കുറിപ്പ്. പ്രണയമാണതിന്റെ അടി നൂല്‍. എങ്കിലും ഏകാന്തതയുടെ വല്ലാത്ത മണമുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. 
അങ്ങിനെ രണ്ടു കവിതകള്‍. രണ്ടിലും ഏകാന്തത.
സ്മിതയുടെ കവിത ഒറ്റ എന്ന ഫീല്‍ മനോഹരമായി പകര്‍ത്തുന്നു.

തനിച്ചാണിരുത്തം
പാതികണ്ണടച്ചീ പകലിന്റെ
സൂചിയില്‍ നൂല്‍
കോര്‍ത്തുകോര്‍ത്തിരുട്ടിന്‍
തിരശ്ശീലചേര്‍ത്തു തുന്നും വരെ.

തനിച്ച് എന്ന വാക്കിന്റെ കൈ പിടിച്ച് ജീവിതത്തിന്റെ പല കരകളില്‍  നടക്കുന്നു. ഉറക്കം, ഇറക്കം,  നടത്തം, ഇരുത്തം, മടക്കം എന്നിങ്ങനെ ഭിന്നാവസ്ഥകളെ ഏകാന്തതയുടെ തീ വെളിച്ചത്തില്‍ വായിക്കുന്നു.  അവസാന വരികളില്‍ പൊടുന്നനെ പാഞ്ഞുവരുന്ന മരണസന്ധി ജീവിതത്തെക്കുറിച്ചുള്ള ദാര്‍ശനികമായ ഒരു തലത്തിലേക്ക് കവിതയെ ഉയര്‍ത്തുന്നു.  വാക്കുകള്‍ വൈയക്തിക ഭാവം വെടിഞ്ഞ് കവിതക്കു മാത്രം ആവിഷ്കരിക്കാനാവുന്ന മറ്റൊരു തലം തൊടുന്ന മനോഹരാനുഭവം. 
രാമൊഴിയുടെ കവിത   ഒറ്റക്കിരിക്കുന്നവരെക്കുറിച്ചാണ്. ഒറ്റക്കിരിക്കുന്നവരുടെ മുറിയില്‍ തങ്ങിനില്‍ക്കുന്നത് ഇറങ്ങിപ്പോയവരുടെ ഗന്ധം. ഏകാകികളുടെ ഇരുട്ട് അവസാന വാക്കല്ല അവിടെ. ചോരച്ച ഇരുട്ടിനെ മുറിച്ച് ഏകാകിയായ ഒരമ്പിളി വരുന്നുണ്ട്.

ജനലിനപ്പുറം
ഇളം കടും പച്ചകള്‍, മഞ്ഞകള്‍.
കാറ്റ് പിടിക്കുന്നു, ഇലകളില്‍;
നിറങ്ങളുടെ ഉന്മാദം, 
മണ്ണില്‍ നിഴല്പ്പൂരം. 


അസാധാരണമായ ദൃശ്യപരതയാണ് ഈ കവിതയെ ആഹ്ലാദഭരിതമാക്കുന്നത്. വിഷ്വലുകള്‍ളുടെ പെരുമഴ. വാക്കുകള്‍ ദൃശ്യങ്ങളായി മറ്റൊരു ലോകം തീര്‍ക്കുന്നു.
ദൃശ്യങ്ങളിലൂടെ മൌനവും നിശãബ്ദതയും കട്ട പിടിച്ച ഇരുട്ടുമായി ഏകാന്തത  നമ്മെ പൊതിയുന്നു.
ഏകാന്തതയെക്കുറിച്ച്, തനിച്ചാവുന്നതിനെ കുറിച്ച ഈ കവിതകള്‍ വായിച്ചതോടെ, നേരത്തെ പാതി എഴുതി നിര്‍ത്തിയ ഏകാന്തതയിലേക്ക് വീണ്ടും മനസ്സ് വേച്ചു വേച്ചു നടന്നു. ഒന്നുമല്ലാത്ത എന്തൊക്കെയോ  വാക്കിന്‍ നദിയില്‍ പൊങ്ങിക്കിടന്നു.

മൂന്ന് 


മുറിയിലിപ്പോള്‍ ഇരുട്ട്. ജാലകത്തിനു പുറത്ത് നിലാവ്. പുറത്തെ മരങ്ങളില്‍  പാവമൊരു കാറ്റ് താളം പിടിക്കുന്നു. അകലെ എവിടെയോ  ഏതൊക്കെയോ പക്ഷികള്‍ ഓര്‍മ്മകളെ കൂകിയുണര്‍ത്തുന്നു.
രാത്രിയാണ്. ഒന്നും ചെയ്യാനില്ലാത്തൊരു പാതിര. മേശപ്പുറത്ത് പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു. അവയില്‍ വായിച്ചു തീര്‍ക്കാനാവാതെ ബാക്കിയായ അക്ഷരങ്ങള്‍.  തീര്‍ക്കാനാവുന്നില്ല ഫിക്ഷനുകള്‍. പുതിയതും പഴയതുമായ കവിതകള്‍ വായിച്ചു തീരാതെ പാതി തുറന്നു കിടക്കുന്നു.
പണ്ടിങ്ങനെയേ ആയിരുന്നില്ല. ഓരോ പേജുകളും ഉള്ളിനുള്ളിലേക്കു തുളച്ചു കയറുമായിരുന്നു.  വാക്കുകള്‍ ജീവിതാനുഭവങ്ങളുമായി കലഹിച്ച് , ഓര്‍മ്മകളുടെയും ചിന്തകളുടെയും അജ്ഞാതമായ ശിഖരങ്ങള്‍ സ്പര്‍ശിക്കുമായിരുന്നു. എത്ര വൈകിയാലും വായിച്ചു തീരുമായിരുന്നു പുസ്തകങ്ങള്‍.
പാട്ടുമതെ. കേട്ടു കേട്ടു കൊതി തീരാതെ ഹൃദയത്തിന്റെ ഏതൊക്കെയോ അറകളില്‍ കറങ്ങിത്തിരിയും സ്വരങ്ങള്‍. ഹോസ്റ്റലുകളിലെ ഏകാന്ത രാവുകളില്‍ കേള്‍ക്കാനൊരു പാട്ടു പോലുമില്ലാതെ കൊതിച്ചുറങ്ങിയിട്ടുണ്ട്. ഇപ്പോള്‍, ഇഷ്ടമുള്ള പാട്ടുകള്‍ തൊട്ടരികെ. പല കാലങ്ങളിലായി ശേഖരിച്ച സി.ഡികളില്‍നിന്ന് എയ്തു തറക്കുന്ന വരികളുമായി ഒരു ഗായകനും ഇറങ്ങി വരുന്നേയില്ല. ഒറ്റക്കാവുന്ന നേരങ്ങളില്‍ പാട്ടു കൊണ്ടു മാത്രം മുറിച്ചു കടന്നിട്ടുണ്ട്, നിസ്സഹായമായ ഏകാന്തതകള്‍.
എന്നിട്ടുമിപ്പോള്‍...വരികളും സ്വരങ്ങളും മുന്നില്‍ നിറഞ്ഞിട്ടും  അവയൊന്നും തൊടാതെ.  അപ്രതീക്ഷിതമായി കിട്ടിയ ഒഴിവു ദിനത്തിന്റെ ബാക്കി നേരങ്ങളിങ്ങനെ, പാട്ടുകളില്ലാതെ, പുസ്തകങ്ങളില്ലാതെ ശൂന്യമായും പാഴായും.
നാല്


ഓര്‍മ്മയില്‍ ഒരു വാടക വീടുണ്ട്. ആളുമാരവവും ചേര്‍ന്ന് ഞെക്കിപ്പിഴിയുന്ന  തിരക്കേറിയൊരു നഗരത്തിനരികിലെ പാവം പിടിച്ച ഒരു കെട്ടിടത്തിന്റെ മുകള്‍നിലയിലെ അപാര്‍ട്മെന്റ്.  പഠനം കഴിഞ്ഞ് ജോലിയാവുന്നതിനിടയിലുള്ള ഒരിടവേള. മൂന്ന് കൂട്ടുകാര്‍ നഗരത്തിലുണ്ട്. നാട്ടിലെല്ലാവരും ജോലിയെക്കുറിച്ചു മാത്രം തിരക്കാന്‍ തുടങ്ങിയപ്പോള്‍ രക്ഷപ്പെട്ടെത്തിയതാണ് ആ മുറിയില്‍.
മൂന്ന് കൂട്ടുകാരും  സമീപത്ത് പലയിടങ്ങളില്‍ ജോലിയുള്ളവര്‍. രാത്രി വൈകും അവരെത്താന്‍. ഇടക്ക് അവര്‍ യാത്രകളിലേക്കു ചുവടുമാറും. ആഴ്ചകളോളം മുറിയില്‍ തനിച്ചായിരിക്കും. ഏതൊക്കെയോ പരസ്യ ഏജന്‍സികളില്‍ കോപ്പി റൈറ്റര്‍ ജോലിക്കായി റെസ്യൂം  കൊടുത്തിട്ടുണ്ട്.  വിളി വന്നിട്ടില്ല. അതേതു നിമിഷവും സംഭവിക്കാം. അതുവരെയുള്ള പിടിച്ചു നില്‍പ്പ് മാത്രമിത്. നിരാശയും ഏകാന്തതയും  ചേര്‍ന്ന് പ്രതീക്ഷകള്‍ കെടുത്തുമ്പോള്‍ കൂട്ടുകാരും പറയാറുള്ളത് ഇതു മാത്രം. ഒക്കെ ശരിയാവും. അതുവരെ ഇങ്ങനെ പോവട്ടെ.
കൂട്ടുകാര്‍ രാവിലെ ഓഫീസുകളിലേക്കു പോയാല്‍ പിന്നെ മുറിയില്‍   ഏകാന്തതയുടെ പക്ഷികള്‍ ചേക്കേറും.  അവയുടെ ചിറകടി സാധാരണ ഗതിയില്‍ ഉള്ളിലെ ശേഷിക്കുന്ന പ്രതീക്ഷകളുടെയും നിറം കെടുത്തേണ്ടതാണ്. എന്നാല്‍, അങ്ങനെ ഉണ്ടായിട്ടേയില്ല. പാട്ടു കൊണ്ടും പുസ്തകങ്ങള്‍ കൊണ്ടും എളുപ്പത്തില്‍ അതിജീവിക്കുമായിരുന്നു അന്നേരങ്ങള്‍. കുളി കഴിഞ്ഞ് വൃത്തിയായി പുസ്തകങ്ങളിലേക്കു നടക്കും.   വാക്കുകളില്‍നിന്ന് വാക്കുകളിലേക്ക് ഒരൊഴുക്ക്.
ചെറിയ നോട്ടു ബുക്കില്‍ അന്നന്നേരം തോന്നുന്നതെഴുതി വെക്കും. പിന്നീട് ഏറെ ഗുണം ചെയ്തിട്ടുണ്ട് ആ നോട്ടുകള്‍. കവിതകളുടെ കടലില്‍ നടക്കുമ്പോള്‍, അമ്പരപ്പിക്കുന്ന ചില ബിംബങ്ങള്‍ ഉണര്‍ന്നെഴുന്നേറ്റ് ഉള്ളകത്തേക്കു നടക്കും. എഴുതുകയായിരുന്നില്ല, വായിച്ചു കൂട്ടുകയായിരുന്നു അന്ന്.
ഉച്ചയൂണു കഴിഞ്ഞ ക്ഷീണനേരങ്ങളാണ് പാട്ടുകളിലേക്കു വഴി നടത്തുക. എം.എസ് ബാബുരാജായിരുന്നു അന്ന് ഉറ്റ ചങ്ങാതി. ഹാര്‍മോണിയത്തില്‍ നിന്ന് ഉണര്‍ന്നെണീക്കുന്ന പ്രണയവും വിരഹവും ഉന്‍മാദവും  ചേര്‍ന്ന് മുറിയുടെ ഏകാന്ത നേരങ്ങളെയാകെ മാറ്റി മറിക്കും. 

അഞ്ച് 


ഏകാന്തത കൊണ്ടല്ല ആ ദിനങ്ങള്‍ ഓര്‍മ്മയിലേക്കു തെറിച്ചുവന്നു നില്‍ക്കുന്നത്. അന്നനുഭവിച്ച അരക്ഷിതാവസ്ഥയുടെയും  ഭാവിയെക്കുറിച്ച ആകുലതകളുടെയും പേരിലാവണം.
ഇപ്പോള്‍ അത്ര അരക്ഷിതമല്ല കാലം. അത്രയേറെ ആകുലതകള്‍ ചേര്‍ന്ന് വേട്ടയാടുന്നില്ല. ഇപ്പോള്‍ സമയമുണ്ട്.   ഒറ്റക്കിരിക്കാന്‍ സുന്ദരമായ ഇടമുണ്ട്. പുസ്തകങ്ങളും  പാട്ടുകളുമുണ്ട്. എന്നിട്ടും, മടുപ്പും ആവര്‍ത്തനങ്ങളും ചേര്‍ന്ന് എന്റെ പുസ്തകം അടച്ചു വെക്കുന്നു. പാട്ടു പട്ടി അടച്ചു വെച്ചു പോവുന്നു.
ഇത് എന്റെ മാത്രം അവസ്ഥയാവില്ല. ഒരു പക്ഷേ, നമ്മളോരുത്തരും പല അളവില്‍ പങ്കു വെക്കുന്നത് അതു തന്നെയാവാം.

17 comments:

  1. ഇത് എന്റെ മാത്രം അവസ്ഥയാവില്ല. ഒരു പക്ഷേ, നമ്മളോരുത്തരും പല അളവില്‍ പങ്കു വെക്കുന്നത് അതു തന്നെയാവാം.

    ReplyDelete
  2. ശരിയാണ്, പുസ്തകങ്ങൾക്കും പാട്ടുകൾക്കും ഇടയിലൂടെ മടുപ്പ് കയറി വരുന്നു. ആവർത്തനങ്ങൾ. എങ്കിലും രാമൊഴിയുടേയും സ്മിതയുടേയും പോലുള്ള ചില കവിതകൾ ആഹ്ലാദം പകരുന്നുണ്ട്. ഇതു പോലെ എഴുതുക. ‘അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരുമ്പോൾ‘ മടുപ്പു നീങ്ങും.

    ReplyDelete
  3. ജീവിതത്തിലേയ്ക്ക് കടന്നുകയറുന്ന ഏകാന്തതയെപ്പറ്റി മനോഹരമായി എഴുതിയിരിക്കുന്നു, ഏകാന്തതയ്ക്ക് എന്റെ വരികളെ കൂടി കൂട്ടാക്കിയതിനി നന്ദി, ഏറെ സന്തോഷം..

    ReplyDelete
  4. അതും ഒരിടവേള അല്ലെ ?
    നോവുകളിലും സുഖം കണ്ടെത്തുമ്പോള്‍ ഏകാന്തതയുടെ
    ഇടവേളയും മനസ്സിനു സുഖം നല്‍കും..നല്ല എഴുത്ത്..
    ആശംസകള്‍..

    ReplyDelete
  5. "ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ " വായിക്കകുക..
    kooduthal chinthikkaan sahaayikkum...All the best.

    ReplyDelete
  6. വളരെ ഭംഗിയായി ഈ കുറിപ്പ്. ഏകാന്തത പോലെ തന്നെ, ചിലപ്പോൾ വേദന, ചിലപ്പോൾ നേർത്ത ഒരു ആഹ്ലാദം.....
    അഭിനന്ദനങ്ങൾ!

    ReplyDelete
  7. എന്താ ഞാന്‍ പറയുക.എന്റെ അലമാരയില്‍ പാതി വായിച്ച പുസ്തകങ്ങള്‍ തുറന്നു കിടക്കുന്നു. വായിക്കാനെടുത്ത് ഒരു പേജ് പോലും മുഴുമിക്കാനാകാതെ കട്ടിലില്‍ അവിടവിടായി.വരികള്‍ക്കിടയില്‍ ഞാന്‍ കാണുന്നത് മടുപ്പ്.കവിതയുടെ രണ്ട് വരി കേള്‍ക്കുമ്പോഴെക്കും മനസ്സ് മടുത്ത് റിമോട്ടില്‍ വിരലമരും.വല്ലാത്ത വിരസതയാണു ആ പാട്ടില്‍ നിന്നും വരുന്നത്.ബ്ലോഗ് വായിക്കാനോ എന്തേലും എഴുതാനോ പോലും തോന്നണില്ല. മൈക്കിള്‍ കെ ആവാനാണു എനിക്ക് തോന്നണത്.ഏകാന്തത ഇങ്ങനെയാവാം ചിലപ്പൊ,അത് പെയ്ത് തുടങ്ങിയാല്‍ പിന്നെ തോരാതിരുന്നെങ്കില്‍ എന്ന തോന്നല്‍.

    ReplyDelete
  8. എനിക്കു നേരെ തിരിച്ചു പിടിച്ച കണ്ണാടി...നന്നായി.

    ReplyDelete
  9. ഏകാന്തത എന്റെ ഇരട്ടസഹോദരനാണ്‌,ജനിച്ചപ്പോഴേ അവനെ അമ്മത്തൊട്ടിലിൽ കളഞ്ഞതാണമ്മ.എന്റെ പന്ത്രണ്ടാം പിറന്നാളിന്‌ അവൻ തിരക്കിപ്പിടിച്ചു വന്നു.ചില ഷെർപ്പകളുടെ കൂടെയായിരുന്നു പോലും.ജന്മവാസന കൊണ്ടാവണം ഞാൻ മാത്രം അവനെത്തിരിച്ചറിഞ്ഞു. പടിപ്പുരമാളികയിലെങ്ങാനും കഴിഞ്ഞുകൊള്ളാൻ പറഞ്ഞു.ഇന്നും ആളും ആരവും ഒഴിയുന്ന ഇടവേളകളിൽ ഒരു വാരയിരിക്കാമെന്നു പറഞ്ഞ്‌ അവൻ വരാറുണ്ട്‌. എല്ലാം സഹിക്കാം, ഉൾക്കിണറുകളിൽ അടക്കം ചെയ്ത ചിലതൊക്കെ വാരിയെടുക്കുന്നതൊഴിച്ചാൽ.

    അതിശക്തമാണീയെഴുത്ത്‌. വായിച്ചിട്ടുനീങ്ങാതെയനുഭവം നീട്ടിനീട്ടീ.

    ReplyDelete
  10. ഖേദത്തിന്റെയും ..,നിഴലുകളുടെയും ഗന്ധവും വഹിച്ച്‌..നമ്മളിലെക്കെല്ലാം പാറി വരുന്നു...പക്ഷിയുടെ തൂവലിനേക്കാള്‍ കനം കുറഞ്ഞ ഏകാന്തത.
    ആശംസകള്‍..

    ReplyDelete
  11. ഏകാന്തത പലപ്പോഴും ഒരു സുഖമാണ്..
    ചിലപ്പോള്‍ അസുഖവും..
    ഏകാന്തതയിലെ പെരുമഴക്ക് ചാറ്റല്‍ മഴയേക്കാള്‍ ഭംഗിയുണ്ടാകും...
    ഏകാന്തത പലപ്പോഴും മരിച്ച ഓര്‍മകളെ ജീവിപ്പിക്കുന്നു..
    ചിലപ്പോള്‍ ജീവിക്കുന്നവയെ മറമാടുന്നു..

    അഭിനന്ദനങ്ങള്‍..

    www.kachatathap.blogspot.com

    musafirvl@gmail.com

    ReplyDelete
  12. പ്രിയ വചനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
    മടുപ്പും ഏകാന്തതയും ചേര്‍ന്ന് അടച്ചുവെച്ച പുസ്തകവും പാട്ടുപെട്ടിയും കാണ്‍കെ തോന്നിയ തീരെ ചെറിയ കാര്യങ്ങളായിരുന്നു ഈ പോസ്റ്റ്. ഏറ്റവും വ്യക്തിപരമായത്.
    അതിനിടയിലേക്ക് വന്ന രണ്ടു കവിതകളുടെ ആഹ്ലാദിപ്പിക്കുന്ന വായനാനുഭവങ്ങളാണ് ഈ പോസ്റ്റ് സാധ്യമാക്കിയത്. വാക്കുകള്‍ കുത്തൊഴുക്കായി നിറയുന്ന നേരങ്ങള്‍ ഓര്‍മ്മ പോലെ അകന്നുപോവുന്ന ഈ അവസ്ഥ എനിക്കുമാത്രമല്ലെന്നും പ്രിയപ്പെട്ട നിങ്ങളോരുത്തരുടേതുമാത്രമാണെന്നും ഈ കമന്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
    നന്ദി, എല്ലാവര്‍ക്കും.

    ReplyDelete
  13. പലപ്പോഴും കടന്നുപോകേണ്ടി വരാറുള്ള ഒരവസ്ഥ. ചിലപ്പോഴെങ്കിലും ആ എകാന്തത ഒരു സുഖവുമാണ്.

    ReplyDelete
  14. പരസ്പരം കണ്ടിട്ട് പോലുമില്ലാത്ത മൂന്നു പേര്‍ മൂന്നു കോണുകളില്‍ ഇരുന്നു ഏകാന്തതയെ കുറിച്ചെഴുതുന്നു.. അവയെ മറ്റുള്ളവര്‍ അവരുടെ അനുഭവങ്ങളുമായിച്ചേര്‍ത്ത് വായിക്കുന്നു..ഏകാന്തതയുടെ അനുഭവലോകങ്ങള്‍ ഒരോരുത്തരുടേയും അതേ സമയം എല്ലാവരുടെയും സ്വന്തമാകുന്ന കാഴ്ച..കൌതുകം തോന്നി..

    ഉള്ളില്‍ തട്ടുന്ന എഴുത്ത്..നല്ല ഒഴുക്കുള്ള ഭാഷ..ഇതാണ് ഈ കുറിപ്പിന്റെ കരുത്ത്..വിഷയത്തിന്‌ മാത്രം പുതുമയില്ല..ആരെഴുതിയാലും..പിന്നെ എങ്ങനെ എഴുതുന്നു എന്നുള്ളതാണ് മുഖ്യം..മനുഷ്യനുള്ളിടത്തോളം ഏകാന്തതയെ കുറിച്ച് എഴുതിക്കൊണ്ടിരിക്കും എന്ന് തോന്നുന്നു..

    കവിത ഇഷ്ടപ്പെട്ടതില്‍ സന്തോഷം..കുറിപ്പില്‍ ഉള്പ്പെടുത്തിയതിലും..

    ReplyDelete
  15. ആരുടെ കാന്തയാണ്‌ ഏകാന്തതയിലെ ഏകയായ ആ കാന്ത

    ReplyDelete
  16. ഏകാന്തത പലപ്പോഴും ഒരു സുഖമുള്ള നോവാണ്...
    ചിലപ്പോള്‍ പ്രണയിക്കുകയും മറ്റുചിലപ്പോള്‍ വെറുക്കുകയും ചെയ്യാറുണ്ട്...
    ഇഷ്ടായി ഈ കുറിപ്പ്.

    ReplyDelete
  17. നല്ല സുഖമുള്ള വായന്‍ നല്‍കി....
    എന്നിരുന്നാലും ഏകാന്തതയെ പ്രണയിയ്ക്കാത്തവരായി ആരുണ്ടല്ലേ...നല്ല ഇഷ്ടായി, അഭിനന്ദനങ്ങള്‍

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...